Kerala
കൊച്ചി : ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജു എന്നിവരുടെ ജാമ്യ ഹർജിയാണ് തള്ളിയത്.
നേരത്തേ സെഷൻസ് കോടതി ഇവരുടെ ജാമ്യഹർജി തള്ളിയിരുന്നു. ശ്രീകോവിലിന്റെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശിപാർശ നൽകി എന്നതാണ് എൻ. വാസുവിനെതിരായ കേസ്.
സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികളെന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ മാറ്റിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിൽ കട്ടിളപ്പാളി കേസിൽ ആറാം പ്രതിയുമാണ് മുരാരി ബാബു.
ഏഴാം പ്രതിയാണ് കെ.എസ്.ബൈജു. 2019ൽ മഹസർ തയാറാക്കുന്ന സമയത്തും പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തു വിട്ട സമയത്തും ബൈജുവായിരുന്നു തിരുവാഭരണം കമ്മീഷണർ.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്കിയ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. രാഹുലിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് രാഹുലിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് 12 ദിവസമായി രാഹുൽ ഈശ്വർ റിമാൻഡിലാണ്.
അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസിൽ രാഹുല്‍ ഈശ്വറിനെ കഴിഞ്ഞ 30നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണവുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നല്കിയ യുവതിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ റിമാൻഡു ചെയ്തു. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയുടേതാണ് ഉത്തരവ്.
14 ദിവസത്തേക്ക് റിമാൻഡു ചെയ്ത രാഹുലിനെ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റും. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തുകയും അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തുവെന്ന കേസിലാണ് നടപടി. രാഹുൽ ഈശ്വർ ഒരു ഘട്ടത്തിൽ പോലും യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്.
വീഡിയോയിൽ അത്തരത്തിലുള്ള പരാമർശങ്ങളില്ലെന്നും വാദിച്ചു. എന്നാൽ പേരുവിവരങ്ങൾ ഇല്ലെങ്കിലും അതിജീവിതയെ രാഹുൽ അപകീർത്തിപ്പെടുത്തിയെന്ന് പ്രോസിക്യൂഷനും വാദിച്ചു. തുടർന്ന് കോടതി രാഹുലിനെ റിമാൻഡു ചെയ്യുകയായിരുന്നു.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണർ എൻ.വാസുവിന്റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി. ഡിസംബര്‍ മൂന്നിന് ജാമ്യാപേക്ഷയിൽ വിധി പറയും. കൊല്ലം വിജിലൻസ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്.
വാസുവിന്റെ അറിവോടെയല്ല ഒന്നും നടന്നതെന്നും പ്രതിഭാഗം വാദിച്ചു. മുരാരി ബാബു കൈമാറിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് എൻ.വാസു ചെയ്തത്. അതിനെ ശിപാർശ ചെയ്തുവെന്ന് പറയാനാകില്ല.
വാസു വിരമിച്ചതിനുശേഷമാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം വാദിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ല. നടപടികൾ തുടങ്ങുന്നതിന് മുൻപ് തന്നെ എൻ.വാസു വിരമിച്ചെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
എന്നാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് മുരാരി ബാബുവും സുധീഷും എസ്ഐടിക്ക് മൊഴി നൽകിയിരുന്നുവെന്നും പ്രോസിക്യൂഷനും വാദിച്ചു.